2009, ജൂലൈ 29, ബുധനാഴ്‌ച 0 comments

വിചാരണ...

കാലത്തിന്റെ കോടതിയിലെ വിസ്താരക്കൂടിനുള്ളിൽ
തലയുയർത്തി നിൽക്കുന്നവൻ ,മനുഷ്യൻ .
കറുത്തകോട്ടിട്ട ന്യായാധിപൻ,ദൈവം
കുറ്റപത്രം വായിച്ചു തുടങ്ങി...
ഇവൻ മനുഷ്യൻ,
ഭൂമിയാം അമ്മയുടെ മുലപ്പാലു വിറ്റു കാശാക്കിയവൻ,
തികയാതെ വന്നപ്പോൾ ചോരയും നീരുമൂറ്റാൻ
ഇരുമ്പ്‌ കുഴൽ മാറിലേക്ക്‌ താഴ്ത്തിറക്കി
കിണറു കുഴിചവൻ
മുലപ്പാലു കിട്ടാതെ മറ്റു കുഞ്ഞുങ്ങൾ
വരണ്ടു വിളറി നടന്നപ്പോഴും
അമ്മയുടെ ചോരയും നീരും കുപ്പിയിലാക്കി
വിറ്റു നടന്നവൻ.
ഇവൻ മനുഷ്യൻ,
അമ്മയുടെ പെണ്മക്കളെ ,നേരിന്റെ നനുത്ത പച്ചകളെ
വെട്ടി നിരത്തി അവരുടെ ശവപ്പെട്ടിയിൽ
കോൺക്രീറ്റ്‌ സൗധങ്ങളാൽ അവസാന
അവസാന ആണിയുമടിച്ച്‌,അവരുടെ മധുരപ്പതിനേഴിന്റെ
ഹരിത സൗണ്ടര്യം തകർത്തു കളഞ്ഞവൻ..
ഇവൻ മനുഷ്യൻ,
നാട്ടിലെത്തിയ സാമ്രാജ്യത്വ
പുതുപ്പണക്കാരന്റെ മടിശ്ശീലയുടെ കനം
കണ്ടു കണ്ണൂ മഞ്ഞളിച്ച്‌,
കിടപ്പു മുറിയുടെ വാതിൽ അവനു വേണ്ടി
മലർക്കെ തുറന്നിട്ടവൻ,
ഇവൻ മനുഷ്യൻ,
പ്രിയതമയുടെ ഉദരത്തിലെ രാസമാറ്റം
പെണ്ണിന്റെയണെന്ന തിരിച്ചറിവിൽ വിഷം
കുത്തിവച്ചവയുടെ കരിമഷിയും കരിവളയും
കൊതിക്കാനുള്ള അവകാശത്തെ കുഴിച്ചു മൂടിയവൻ ,
ഇവൻ മനുഷ്യൻ,
കൂടപ്പിറപ്പുകളെ കൊന്നു തിന്നാനുള്ള
അവകാശം ജാതിക്കും മതത്തിനും വേണ്ടി കാട്ടു
മൃഗങ്ങളിൽ നിന്നും തട്ടിയെടുത്തവൻ,,
ഇവൻ മനുഷ്യൻ,..
കനം കൂടിക്കൂടി വരുന്ന
കുറ്റപത്രത്തിന്റെ താളികളിലേക്കു കമിഴ്‌ന്നു
വീണു ന്യായാധിപൻ നിശ്ചലമാവുമ്പോഴും,
കൈയിലെ വിലങ്ങു പൊട്ടിച്ചെറിഞ്ഞ്‌
ഒരു കുറ്റവാളി കൂടെ രക്ഷപ്പെടുന്നു..
ഇവൻ മനുഷ്യൻ..
 
;