കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
2016 സെപ്റ്റംബർ 18, ഞായറാഴ്‌ച 0 comments

അവൾക്കായ്...





ചീന്തിയെറിയപ്പെട്ട  പെങ്ങൾക്ക് വേണ്ടി സ്വന്തം ടൈം ലൈനിൽ പ്രണാമമർപ്പിക്കാം
അവളുടെ "ക്ലിപ്പ് " കിട്ടുമോ "ബ്രോ" എന്നും ചാറ്റ്ബോക്സിൽ തിരക്കാം ....
തെരുവോരത്തൊത്തു ചേർന്ന് മെഴുക്‌തിരികൾ തെളിക്കാം
 സെൽഫിയെടുത്ത് പോസ്റ്റാം ....
അവനെ ഞങ്ങൾക്ക് വിട്ടു തരൂഎന്ന കുറിപ്പെഴുതിപിടിച്ചു പോസ് ചെയ്യാം ലൈക്കുകൾക്കായ്....
പരസ്പരം തെറിവിളി ക്കാം, പക്ഷം പിടിക്കാം 
 സൈബർ ചാവേറുകളാവാം ...
പട്ടികളെ സംരക്ഷിക്കുന്ന നിയമമുള്ള നാട്ടിൽ
 അടുത്ത ജന്മം പട്ടിയുടെ വക്കീലായ് ജനിക്കാം ...
അന്തികൂരാപ്പിലെ ചാനൽ ചർച്ചകളിൽ അവൾക്ക് വേണ്ടി കണ്ണീരു വീഴ്ത്താം
ആ കണ്ണീര് വീണു ലിപ്സ്റ്റിക്ക് പോവാതെ നോക്കാം .......
അവൾ ആ ടൈപ്പായത് കൊണ്ടാണെന്ന വാക്കിലൂടെ സദാചാരം കാക്കാം ....
ഒഴുകി പരന്ന രക്തം മണത്തവളുടെ ജാതി തിരയാം......

അംഗവൈകല്ല്യമുള്ളവരെങ്കിലും ലിംഗവൈകല്യമില്ലാത്തവർ ജയിക്കാതിരിക്കാൻ, 
അവൾ പിടഞ്ഞു തീർന്ന തീവണ്ടി മുറിയിൽ
 ഇനിയെങ്കിലും ഒറ്റക്കാവാതിരിക്കണം.
തിരക്കുള്ള ബസ്സിൽ പേടിച്ച് ശ്വാസം പിടിച്ചു നിൽക്കണം .....
അവൾക്ക് വേണ്ടി കേഴുന്ന ആങ്ങളമാരുള്ള റോഡിലൂടെ ഇന്നും പതിവ് പോലെ പേടിച്ചുകൊണ്ട്  വീട്ടിലേക്കോടണം ......
അച്ഛനോ ആങ്ങളയോ മാത്രമുള്ള രാത്രികളിൽ ബന്ധു വീട്ടിലേക്കു പോവണം
ജനിക്കാൻ പോവുന്ന കുഞ്ഞു പെണ്ണാവാതിരിക്കാൻ വ്രതം നോക്കണം ....
ആർത്തവരക്തം വെറുക്കുന്ന ദൈവങ്ങളിനി പെറ്റമ്മമാരുടെ കണ്ണീരു കണ്ടില്ലെങ്കിൽ ....
ഭ്രൂണഹത്യ തന്നെ നടത്തണം .........................
നിങ്ങളെ നിങ്ങൾ തന്നെ കാത്തു വെക്കണം ........
2015 ഓഗസ്റ്റ് 23, ഞായറാഴ്‌ച 0 comments

പെണ്ണുങ്ങൾ

2014 ഫെബ്രുവരി 19, ബുധനാഴ്‌ച 5 comments

ചെമ്പരത്തികൾ ...




തന്റേതല്ലാത്ത കുറ്റം കൊണ്ട് ദളിതനായവനെ

തന്റേതല്ലാത്ത  മേന്മ കൊണ്ട് സവർണ്ണനായവൻ

അധിക്ഷേപിക്കുന്നത് കണ്ടു മനം മടുത്തിട്ടാവണം

തന്റേതല്ലാത്ത കാരണത്താൽ "കിറുക്കന്മാരുടെ ചെവിയിലെ പൂവ് "

എന്ന് വിളിപ്പേരു കിട്ടിയോരു പാവം നാട്ടു ചെമ്പരത്തി

ജാതി മാറി കല്യാണം കഴിച്ചതും ,

മഞ്ഞയും ,വെള്ളയും നിറമുള്ള ചെമ്പരത്തിപ്പൂവുകൾക്ക് ജന്മം കൊടുത്തതും !



പക്ഷേ  നാട്ടാരിപ്പോഴും വിളിപ്പേരുകൾ  തുടർന്നു കൊണ്ടേയിരിക്കുന്നു .!!!!!

2014 ജനുവരി 7, ചൊവ്വാഴ്ച 0 comments

ദൈവങ്ങളോട് ....



നിങ്ങൾക്ക് അങ്ങിനെ തന്നെ വേണം ,

കൈക്കൂലിയും വാങ്ങിച്ച് ആവശ്യങ്ങളെല്ലാം നടത്തിക്കൊടുകുമ്പോൾ 

ഓർക്കണമായിരുന്നു, 

കുരിശടിയും നേർച്ച മണ്ഡപവും പണിയിച്ചിട്ട് 

നിങ്ങളെയവിടെ പിച്ച തെണ്ടാൻ കൊണ്ടിരുത്തുമെന്നും,

പിച്ചക്കാരു മുതൽ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിലെ കിളികള് വരെ

 നിങ്ങളുടെ നെഞ്ചിൻ കൂട്ടിലേക്ക് തന്നെ  നാണയങ്ങൾ 

എറിഞ്ഞു കൊള്ളിക്കുമെന്നും !!!
2013 ഡിസംബർ 31, ചൊവ്വാഴ്ച 0 comments

ആണത്തം?





തുടങ്ങും മുൻപേ സ്ഖലനം നടന്നൊരു പേനയുടെ

 "ആണത്തമില്ലായ്മയെ " "പുച്ഛിച്ചു "കൊണ്ടു ഒരു തുണ്ടു

വെള്ളപേപ്പറിൽ അർദ്ധനഗ്നയായ്‌ കിടന്നൊരു

 നാലുവരിക്കവിതയെ ,അതുവഴി വന്ന "ആണത്തമുള്ളോരു

കാറ്റ് " കട്ടുകൊണ്ടു പോയ് !!!!

നാളെ ഒരുനാൾ അവന്റെ കൂടെ അവളണിഞ്ഞൊരുങ്ങി

 നടക്കുമ്പോൾ ,ഇവളെന്റെ കൂടെ കിടന്നവളാണെന്നു

 "ആണത്തം " പറയാമെല്ലോയെന്നോർത്ത് ഉള്ളിൽ

ചിരിയ്ക്കുകയായിരുന്നു പേനയപ്പോൾ!!!!
2013 ഡിസംബർ 12, വ്യാഴാഴ്‌ച 0 comments

അമ്മയും കുഞ്ഞും ...


മുറ്റത്തിനു കുറുകെ കെട്ടിയിരുന്ന അഴകളിൽ ഉണങ്ങാനിട്ടിരുന്ന ,
 മഞ്ഞനിറം പടർന്ന വെള്ളക്കീറ്റത്തുണികളിൽ
 തലമുടി കുരുങ്ങാതിരിക്കാൻ
 കുനിഞ്ഞു കൊണ്ടാണ് കയറിച്ചെന്നത് !
 "ജോണ്‍സണ്‍ ആൻട് ജോണ്‍സണ്‍ "കമ്പനിയുടെ 'റ്റാഗിട്ട'
 മണമുള്ളൊരു കാറ്റാണ് എനിക്കിരിക്കാൻ
 കസേര വലിച്ചിട്ടു തന്നത്
. കുടിക്കാൻ തന്ന വെള്ളത്തിലെ പാൽമണം കൊണ്ട്
 ഓക്കാനം വന്നെന്നെ തടഞ്ഞു നിർത്തിയത് ,
 പാലുകുടിക്കാൻ വേണ്ടി കരഞ്ഞ "അവനാണ് "!
പാലു നിറച്ചൊരു കുപ്പി അവന്റെ വായിലേക്ക് തിരുകി വച്ചു കൊടുത്തിട്ട് അമ്മ ടി.വി സീരിയലും കണ്ടിരിയ്ക്കുമ്പോൾ,
പുറത്തെ തൊഴുത്തിൽ ,പാലു മുഴുവൻ കുടിച്ചുപോവാതിരിക്കാൻ മാറ്റിക്കെട്ടിയ ഒരു പാവം പൈക്കിടാവ് ,
ചവർപ്പുള്ള കാടിവെള്ളം കുടിച്ച് ദാഹം തീർക്കുന്നുണ്ടായിരുന്നു !
2013 ഡിസംബർ 9, തിങ്കളാഴ്‌ച 4 comments

പുതു വിപ്ലവം

ഞാൻ ഇന്നലെ ഒരു വിഷമ വൃത്തത്തിൽ ആയിരുന്നു ...
ഞായറാഴ്ച്ച ആണ് ...
രാവിലെ അമ്പലത്തിൽ പോവണൊ അതോ
 പാർട്ടി കമ്മിറ്റിക്ക് പോവണോ എന്ന് ?
അമ്പലത്തിൽ പോയാൽ രണ്ടുണ്ട് ഗുണം ദൈവത്തെ കാണാം ,പിന്നെ....
നാട്ടിലെ നല്ല പെണ്‍പിള്ളേരെയും കാണാം  ..
മോന്റെ ഭക്തി കണ്ട് വീട്ടുകാർക്കും സന്തോഷമാവും .
"സ്വയം സേവകർ" അമ്പലമുറ്റത്ത് കാണിച്ചുകൂട്ടുന്ന
അഭ്യാസം കണ്ട് ഉള്ളിൽ ചിരിക്കാം !
പറഞ്ഞു പറഞ്ഞു മടുത്ത ആവശ്യങ്ങളുടെ ഒരു നിവേദനം കൂടി കൊടുക്കാം ,
ദൈവമേ  നിനക്കുമൊരു :ജനസമ്പർക്കം നടത്തിക്കൂടെ ?
അത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ലെങ്കിലും!!
ഞാൻ കൊടുത്ത നിവേദനങ്ങൾക്കൊന്നും ഇത് വരെ
ഒരു തീരുമാനവും ആയിട്ടില്ല,,
ഇവർക്കിടയിൽ വല്ല തീവ്ര വിപ്ലവ വിഭാഗം വല്ലതുമുണ്ടെങ്കിൽ
അങ്ങോട്ട് ചേർന്നാലോ ?
 ഇങ്ങനെയൊക്കെ ചെയ്‌താൽ കൂടെയുള്ളവരോട്
അമ്പലത്തിൽ പൊവരുതെന്ന് എങ്ങിനെ എനിക്ക് പറയാൻ പറ്റും ?
അങ്ങനെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കുന്നു !!
ഞാൻ പാർട്ടി കമ്മിറ്റിക്ക് പോവുന്നു ..
നര വീഴാത്ത മനസ്സും ,നരച്ചു കുമ്മിയ മുടിയുമായ്
പഴയ സഖാക്കൾ എല്ലാവരും ഉണ്ട് ..
എന്നിട്ടും കമ്മിറ്റി തുടങ്ങാൻ വൈകുന്നതിന്റെ  കാരണം?
പാർട്ടിയുടെ യുവജനവിഭാഗം നേതാവ് വരാൻ വൈകുമെന്ന് ,
അമ്പലത്തിലെ ഉപദേശക സമിതി യോഗം ഇതുവരെ
കഴിഞ്ഞില്ലായത്രേ!!


2013 ഡിസംബർ 7, ശനിയാഴ്‌ച 0 comments

ആര് ? എന്തിന് ?






നേരിട്ടു ഇന്നുവരെ ആരും കാണാത്തത് ദൈവം ആണെങ്കിൽ

 മനസ്സ് പിന്നെ ആര് ?

മനസ്സിന്റെ നോവ് പറ്റിയ വെള്ളം കണ്ണിലൂടെ ഒലിച്ചിറങ്ങുമ്പോൾ

എന്തിനാണ് കണ്ണുനീരെന്ന് പേരിട്ടു

വിളിച്ചപമാനിക്കുന്നത് ?
2013 നവംബർ 17, ഞായറാഴ്‌ച 0 comments

നിഴല്‍

എണ്റ്റെ പ്രിയപ്പെട്ട ചങ്ങാതി വെളിച്ചത്തെ മാത്രം സ്നേഹിക്കുന്നവന്‍, ഇരുട്ടിണ്റ്റെ ചീവീട്‌ ശബ്ദത്തെ ഭയന്നോടിയൊളിക്കുന്നവന്‍, ചിലപ്പോള്‍ പിറകേയും,ചിലപ്പോഴൊക്കെ മുന്‍പേയുമായ്‌ എണ്റ്റെ കൂടെ നടന്നവന്‍. ഞാന്‍ ചിരിക്കുന്നത്‌ പോലെ ചിരിക്കാന്‍ പഠിച്ചവന്‍ കരയാനും, എന്നെ അതുപോലെ നോക്കിപ്പഠിച്ചവന്‍, ചില നേരങ്ങളില്‍ എന്നേക്കാള്‍ വലിപ്പം തോന്നിച്ചവന്‍ എണ്റ്റെ ചങ്ങാതി. നട്ടുച്ച നേരത്തെ മുങ്ങിക്കുളിക്കലില്‍
വിവസ്ത്രനായ്‌ മുങ്ങാംകുഴിയിട്ടവന്‍, കുളപ്പടിയിലിരുന്ന് പുകവലിച്ച്‌ എന്നെ തല്ലു കൊള്ളിച്ചവന്‍, എനിക്കൊരു രൂപഭംഗിയുമില്ലെന്ന് എന്നോടാദ്യം പറഞ്ഞവന്‍. ഒരു ലോക്കല്‍ ബാറിണ്റ്റെ അരണ്ട വെളിച്ചത്തിലാദ്യമായ്‌ മദ്യത്തിണ്റ്റെ രുചിയറിഞ്ഞവന്‍ ,, എണ്റ്റെ കൂട്ടിനാല്‍ പിഴച്ചു പോയവന്‍! ഇന്നത്തെ രാത്രിയിലിരുട്ടത്തിരുന്നോട്ടെ ഞാന്‍, എണ്റ്റെ പ്രണയം തകറ്‍ന്നത്‌ കൊണ്ടല്ല നീ കരയുന്നത്‌ കാണാന്‍ വയ്യാത്തത്‌ കൊണ്ട്‌!
2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച 3 comments

ഫേസ്ബുക്ക്‌











അങ്ങനെ ഞാനും മരിച്ചു
,
 ആദ്യം തന്നെ ഫേസ്ബുക്കില്‍ അപ്ഡേറ്റ്‌ ചെയ്തേക്കാം

 കുളിക്കുന്നതും പല്ലുതേക്കുന്നതും വരെ അപ്ഡേറ്റിയിട്ടുണ്ട്‌ പിന്നല്ലേ ഇപ്പോള്‍?

 "പ്രിയ സുഹൃത്തുക്കളെ ഞാന്‍ മരിച്ചു,
,
ശവസംസ്കാരം ഇന്നു വൈകിട്ട്‌ സ്വവസതിയില്‍

 "ലൈക്കുകള്‍",ഷെയറുകള്‍...

 ഹും ഞാന്‍ ജീവിച്ചിരുന്നപ്പോള്‍ എണ്റ്റെ ഒരു "പ്രൊഫൈല്‍ ഫോട്ടോയ്ക്‌ പോലും "ലൈക്ക്‌"അടിക്കാത്തവന്‍മാരും

 ഞാന്‍ എത്ര "ഹായ്‌" പറഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചവളുമാരും"

ഞാന്‍പോയ്‌ വെള്ള പുതച്ചു കിടന്നു

പാവം എണ്റ്റെ അമ്മ മാത്രം കരയുന്നുണ്ട്‌,

 അല്ലെങ്കിലും നഷ്ടം അവര്‍ക്കു മാത്രമല്ലേ?

 മുറ്റത്ത്‌ "നീലടാറ്‍പായ"കെട്ടിയ പന്തലു ഉയരുന്നു

 ബന്ധുക്കളുെടെ കണ്ണീരു കണ്ടിട്ടെനിക്കു ചിരി വരുന്നു

 ഞാന്‍ കാശു കൊടുക്കാനുള്ള "പലിശക്കാരന്‍" മാത്രം ശരിക്കും കരയുന്നു! 

എണ്റ്റെ മൊബൈല്‍ ചിലയ്ക്കുന്നു,

 "മെസേജാണ്‌, ഫേസ്ബുക്ക്‌ നോട്ടിഫിക്കേഷന്‍"

 എണ്റ്റെ പ്രിയ കാമുകി....

 അവളുടെ "മാരിറ്റല്‍ സ്റ്റാറ്റസ്‌,കമിറ്റഡ്‌ എന്നത്‌ മാറ്റി"സിംഗിള്‍" ആക്കിയത്രെ!!

എനിക്കിനി മരിച്ചാല്‍ മതി,?
2009 ജൂലൈ 29, ബുധനാഴ്‌ച 0 comments

വിചാരണ...

കാലത്തിന്റെ കോടതിയിലെ വിസ്താരക്കൂടിനുള്ളിൽ
തലയുയർത്തി നിൽക്കുന്നവൻ ,മനുഷ്യൻ .
കറുത്തകോട്ടിട്ട ന്യായാധിപൻ,ദൈവം
കുറ്റപത്രം വായിച്ചു തുടങ്ങി...
ഇവൻ മനുഷ്യൻ,
ഭൂമിയാം അമ്മയുടെ മുലപ്പാലു വിറ്റു കാശാക്കിയവൻ,
തികയാതെ വന്നപ്പോൾ ചോരയും നീരുമൂറ്റാൻ
ഇരുമ്പ്‌ കുഴൽ മാറിലേക്ക്‌ താഴ്ത്തിറക്കി
കിണറു കുഴിചവൻ
മുലപ്പാലു കിട്ടാതെ മറ്റു കുഞ്ഞുങ്ങൾ
വരണ്ടു വിളറി നടന്നപ്പോഴും
അമ്മയുടെ ചോരയും നീരും കുപ്പിയിലാക്കി
വിറ്റു നടന്നവൻ.
ഇവൻ മനുഷ്യൻ,
അമ്മയുടെ പെണ്മക്കളെ ,നേരിന്റെ നനുത്ത പച്ചകളെ
വെട്ടി നിരത്തി അവരുടെ ശവപ്പെട്ടിയിൽ
കോൺക്രീറ്റ്‌ സൗധങ്ങളാൽ അവസാന
അവസാന ആണിയുമടിച്ച്‌,അവരുടെ മധുരപ്പതിനേഴിന്റെ
ഹരിത സൗണ്ടര്യം തകർത്തു കളഞ്ഞവൻ..
ഇവൻ മനുഷ്യൻ,
നാട്ടിലെത്തിയ സാമ്രാജ്യത്വ
പുതുപ്പണക്കാരന്റെ മടിശ്ശീലയുടെ കനം
കണ്ടു കണ്ണൂ മഞ്ഞളിച്ച്‌,
കിടപ്പു മുറിയുടെ വാതിൽ അവനു വേണ്ടി
മലർക്കെ തുറന്നിട്ടവൻ,
ഇവൻ മനുഷ്യൻ,
പ്രിയതമയുടെ ഉദരത്തിലെ രാസമാറ്റം
പെണ്ണിന്റെയണെന്ന തിരിച്ചറിവിൽ വിഷം
കുത്തിവച്ചവയുടെ കരിമഷിയും കരിവളയും
കൊതിക്കാനുള്ള അവകാശത്തെ കുഴിച്ചു മൂടിയവൻ ,
ഇവൻ മനുഷ്യൻ,
കൂടപ്പിറപ്പുകളെ കൊന്നു തിന്നാനുള്ള
അവകാശം ജാതിക്കും മതത്തിനും വേണ്ടി കാട്ടു
മൃഗങ്ങളിൽ നിന്നും തട്ടിയെടുത്തവൻ,,
ഇവൻ മനുഷ്യൻ,..
കനം കൂടിക്കൂടി വരുന്ന
കുറ്റപത്രത്തിന്റെ താളികളിലേക്കു കമിഴ്‌ന്നു
വീണു ന്യായാധിപൻ നിശ്ചലമാവുമ്പോഴും,
കൈയിലെ വിലങ്ങു പൊട്ടിച്ചെറിഞ്ഞ്‌
ഒരു കുറ്റവാളി കൂടെ രക്ഷപ്പെടുന്നു..
ഇവൻ മനുഷ്യൻ..
 
;